SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്ര ക്ലബ്ബുകള്‍ക്കൊരു പ്രവര്‍ത്തനപദ്ധതി..... ഇത് നടപ്പിലാക്കാന്‍ നമുക്കുംശ്രമിച്ചുകൂടെ

ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ നടന്ന സയന്‍സ് സ്പോണ്‍സര്‍മാരുടെ ഏകദിന കൂടിച്ചേരലില്‍ ശാസ്ത്രക്ലബ്ബുകളുടെ വരും വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്തു .  ഇതില്‍ നമ്മുടെ സബ് ജില്ലയിലെ സ്കൂളുകള്‍ക്കും അനുകരിക്കാവുന്നവയുണ്ട്.
ശാസ്ത്രക്ലബ്ബ്  - പ്രവര്‍ത്തന പദ്ധതി
ലക്ഷ്യങ്ങള്‍

    ശാസ്ത്രബോധം കൂട്ടുകാരില്‍ സൃഷ്ടിക്കുക
    ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവര്‍ത്തന മാതൃകകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക
    ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുക
    കൂട്ടുകാരില്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള്‍ , ശാസ്ത്രീയ വിവരങ്ങള്‍ രേഖപ്പെടുത്തല്‍ , ശാസ്ത്രവാര്ത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വര്‍ധിപ്പിക്കുക
    സ്കൂള്‍ / ഉപജില്ല / ജില്ല തലങ്ങളില്‍ ശാസ്ത്ര പ്രദര്‍ശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കുക
    പൊതുവായ സ്കൂള്‍ തല ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ വൈവിധ്യമാര്‍ന്നവ സംഘടിപ്പിക്കുക


ശാസ്ത്ര പഠന ശേഷികള്‍

    സൂക്ഷ്മവും കൃത്യവുമായ നിരീക്ഷണ പാടവം
    ശാസ്ത്രാവബോധം
    ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി ( തെളിവിന്റെ അടിസ്ഥാനത്തില്‍ ) വിശകലനം ചെയ്യാനുള്ള കഴിവ്
    നിര്‍മ്മിക്കുന്ന അറിവുകള്‍ വ്യാഖ്യാനിക്കാനുള്ള കഴിവ്
    നിഗമനങ്ങള്‍ ശാസ്ത്രീയമായി രൂപീകരികാനുള്ള കഴിവ്
    യുക്തിചിന്ത
    വസ്തുനിഷ്ഠമായ അന്വേഷണം


ഒരു ശാസ്ത്ര ക്ലബ്ബ്‌ എങ്ങനെ പ്രവര്‍ത്തിക്കണം ?

    ഓരോ ക്ലാസിലെയും ശാസ്ത്ര പഠനത്തില്‍ താല്പര്യമുള്ള കൂട്ടുകാരെ ജനാധിപധ്യ രീതിയില്‍ ക്ലബ്ബ്‌ അംഗങ്ങളായി തെരഞ്ഞെടുക്കണം
    കൂട്ടുകാരുടെ നേതൃത്വത്തില്‍ ആകണം ക്ലബ്ബ്‌ പ്രവര്‍ത്തിക്കേണ്ടത് . ക്ലബ്ബിനു ഒരു പ്രസിഡണ്ട്‌ , സെക്രട്ടറി എന്നിവരെ കൂട്ടുകാരില്‍ നിന്നും തെരഞ്ഞെടുക്കണം
    ക്ലബ്ബ്‌ യോഗങ്ങളുടെ നിയന്ത്രണം പ്രസിടെന്റിന്റെ ചുമതലയായിരിക്കും
    റിപ്പോര്‍ട്ട് എഴുതി സൂക്ഷിക്കുക , അവതരിപ്പിക്കുക , അംഗങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കല്‍ , ശാസ്ത്ര ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവ സെക്രട്ടറിയുടെ ചുമതലയായിരിക്കും
    ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ / ക്ലാസ്സ്‌ തലത്തില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ , ദിനാഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കേണ്ടതാണ്
    ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങള്‍ ഓരോരുത്തരും ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തലിനായി ഒരു നോട്ടു ബുക്ക്‌ ( ഡയറി ) സൂക്ഷിക്കേണ്ടതാണ് . ഇതിലെ രേഖപ്പെടുത്തലുകള്‍ , പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്ലാസ്സിലെ മറ്റു കൂട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കുന്ന ചുമതല ക്ലബ്ബ്‌ അംഗങ്ങളില്‍ നിക്ഷിപ്തമാണ്
    ക്ലാസ്സ്‌ സമയം നഷ്ട്ടപ്പെടാതെ ആഴ്ചയില്‍ ഒരു ദിവസം ഉച്ച ഭക്ഷണ ഇടവേളകളിലോ വൈകുന്നേരമോ ക്ലബ്ബ്‌ മീറ്റിങ്ങുകള്‍ കൃത്യമായി കൂടണം
    ക്ലബ്ബ്‌അംഗങ്ങളെ സഹായിക്കാന്‍ ക്ലബ്ബിന്റെ പ്രാധാന്യവും നടക്കുന്ന പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട രക്ഷിതാക്കളെ രേഖാമൂലമോ നേരിട്ടോ അറിയിക്കുന്നതും നന്നായിരിക്കും
    ഓരോ ക്ലബ്ബ്‌ യോഗങ്ങളിലും വൈവിധ്യമാര്‍ന്ന പ്രവര്ത്തനങ്ങളായിരിക്കണം ആസൂത്രണം ചെയ്യേണ്ടത്‌  . പരീക്ഷണങ്ങള്‍ , ശാസ്ത്ര പ്രോജക്റ്റുകള്‍ , നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ , പഠന യാത്രകള്‍ , ശാസ്ത്ര സെമിനാറുകള്‍ , ശാസ്ത്ര ക്ലാസ്സുകള്‍ , ശാസ്ത്ര വാര്‍ത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകള്‍ , ശാസ്ത്ര സംവാദങ്ങള്‍ ..... എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ അനുയോജ്യമായവ ഇതിനു വേണ്ടി നടപ്പിലാക്കണം
    ശാസ്ത്ര പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കൂട്ടുകാരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപാടികള്‍ അധ്യാപകരുടെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കണം ( ഉദാ - പ്രയാസമുള്ള ശാസ്ത്ര ആശയങ്ങളില്‍ അറിവ് നിര്‍മ്മിക്കുന്നതിന് സഹായകമായ വര്‍ക്ക് ഷീറ്റുകള്‍ , ഉദാഹരണ സഹിതമുള്ള കുറിപ്പുകള്‍ , ചാര്‍ട്ടുകള്‍ , പരീക്ഷണങ്ങള്‍ ,സ്വയം പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ )
    കൂട്ടുകാരുടെ സൃഷ്ട്ടികള്‍ , മികവുകള്‍ , അനുഭവങ്ങള്‍ എന്നിവ കോര്‍ത്തിണക്കി പത്രങ്ങള്‍ , പോസ്റ്റര്‍ ,മാഗസിനുകള്‍ എന്നിവ തയ്യാറാക്കേണ്ടതാണ്
    ശാസ്ത്ര ലാബ് ഭംഗിയായി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രമീകരിക്കണം . ഉപകരണങ്ങളുടെ പേര് , ഉപയോഗ സാധ്യതകള്‍ , എന്നിവയെ സംബന്ധിച് സമഗ്രമായ ധാരണ കൂട്ടുകാര്‍ക്ക് നല്‍കണം . ബന്ധപ്പെട്ട പരീക്ഷനപ്രവര്ത്തനങ്ങള്‍ക്കും മറ്റും സ്വയം ആവശ്യമായ ഉപകരണങ്ങള്‍ കണ്ടെത്തി ക്രമീകരിക്കാന്‍ ഇതു അവരെ സഹായിക്കും
    ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായ ടീച്ചര്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തല്‍ തന്റെ ടീച്ചിംഗ് മാന്വലിന്റെ ഭാഗമാക്കണം . മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ ശാസ്ത്ര അധ്യാപകരുമായി ( science subject council ) കൂടി ആലോചിച്ചശേഷം ആസൂത്രണം ചെയ്തു എസ് ആര്‍ ജി യില്‍ അവതരിപ്പിക്കേണ്ട ചുമതല കണ്‍വീനറില്‍ നിക്ഷിപ്തമാണ്
    ക്ലബ്ബ്‌യോഗങ്ങളുടെ മേല്‍നോട്ടം കണ്‍വീനറുടെ ചുമതലയാണ് . അജണ്ട തീരുമാനിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ഫലപ്രദമായി നടത്തണം
    ക്ലബ്ബ്‌യോഗങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയാനും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ നടത്താനും കൂട്ടുകാര്‍ക്ക് അവസരമൊരുക്കണം . വിലയിരുത്തലുകള്‍ ക്രോഡീകരിച്ച് ഗുണാത്മക രീതിയില്‍ അധ്യാപികയും യോഗങ്ങളില്‍ സംസാരിക്കണം
    ശാസ്ത്രപദങ്ങളുടെ വ്യഖ്യാനങ്ങള്‍ക്കുള്ള അവസരങ്ങളും ക്ലബ്ബു യോഗങ്ങളില്‍ ഉണ്ടാകണം 

No comments:

Post a Comment