SUB DIST. QUIZ & TALENT SEARCH REGISTRATION

ജൈവ വിസ്മയങ്ങളിലേക്കൊരു ട്രെയിന്‍യാത്ര


Train-Exhibitionഹിമാലയ പര്‍വത നിരകളില്‍നിന്നാരംഭിക്കുന്ന വിസ്മയകരമായ ഒരു ട്രെയിന്‍യാത്ര. ജൈവവൈവിധ്യങ്ങളുടെ ഈ വിശാല ഭൂമിയിലൂടെ ഗംഗാസമതലത്തിലേക്ക്. തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സസ്യ-ജന്തു സമ്പത്തുകളിലൂടെ ഒരു യാത്ര. പശ്ചിമഘട്ടമെന്ന പ്രകൃതിയുടെ മഹാവരദാനത്തെ അടുത്തറിഞ്ഞും അനുഭവിച്ചും മുന്നേറുന്ന യാത്രയില്‍ ഇന്ത്യയുടെ കാര്‍ഷിക രിതികള്‍, സസ്യ, ജന്തു ജാലങ്ങള്‍, വിവിധ മരുഭൂമികള്‍, ദ്വീപുകള്‍, ഭൂവിഭാഗങ്ങള്‍ എന്നിവയെ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള അപൂര്‍വ്വ അവസരം. ഭാവനയല്ല, പറഞ്ഞുവരുന്നത് കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയവും ശാസ്ത്ര സാങ്കേതിക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനം സയന്‍സ് എക്‌സ്പ്രസിനെക്കുറിച്ചാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ പൂര്‍ണ്ണമായും ശീതീകരിച്ച 16 കോച്ചുകളിലായി നടത്തുന്ന പ്രദര്‍ശനം അവതരണമികവുകൊണ്ടും ജന പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാവുകയാണ്. ആദ്യ കോച്ചിലൊരുക്കിയിരിക്കുന്ന ഹിമാലയത്തിന്റെ ഭുമിശാസ്ത്ര ചരിത്രം മുതല്‍ അവസാന കോച്ചുകളിലൊരുക്കിയിരിക്കുന്ന ഊര്‍ജ്ജ സംരക്ഷണം വരെയുള്ള മാതൃകകളിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യയുടെ ജൈവ വൈവിധ്യത്തിന്റെ ആഴവും പരപ്പുമാണ് വ്യക്തമാകുന്നത്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി നശീകരണം, എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും പ്രദര്‍ശനം ലക്ഷ്യമിടുന്നു.




ഈ പ്രദര്‍ശനം നിങ്ങള്‍ കണ്ടിറങ്ങുന്നതിനിടെതന്നെ ലോകത്തുനിന്ന് ഒന്നോ രണ്ടോ ജീവി വര്‍ഗങ്ങള്‍ അപ്രത്യക്ഷമായേക്കാം എന്ന സന്ദേശമാണ് സന്ദര്‍ശകരെ ഓര്‍മിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കോച്ചിലെ ചാവോട്ടിക് പെന്‍ഡുലം മനുഷ്യന്റെ ചെറിയ ഇടപെടല്‍ പ്രകൃതിയെ എത്ര രൂക്ഷമായാണ് ബാധിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു. കളികളിലൂടെ പഠനവും ബോധവത്കരണവും ലക്ഷ്യമിട്ടുള്ള ഒട്ടേറെ നിര്‍മിതികള്‍ പ്രദര്‍ശനത്തിലുണ്ട്. പിക്ചര്‍ പസില്‍, ചോദ്യോത്തര ബോര്‍ഡുകള്‍, പക്ഷി മൃഗാദികളുടെ ശബ്ദവും അവ ഏതു ഭൂമേഖലയിലാണ് കാണപ്പെടുന്നതെന്നും പഠിപ്പിക്കുന്ന ദൃശ്യ സഹായത്തോടെയുള്ള കളികള്‍ ശാസ്ത്രത്തെ ലളിതമായി അവതരിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്.


ഇന്ത്യയുടെ പത്ത് ജൈവമേഖലകളെ അനുഭവിച്ചറിഞ്ഞ് ഓരോ കോച്ചിലൂടെയും കടന്നുപോകുമ്പോള്‍ മഹത്തായ നമ്മുടെ പ്രകൃതി സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓരോരുത്തര്‍ക്കും ബോധ്യപ്പെടും. ചിത്രങ്ങളുടെയും ചാര്‍ട്ടുകളുടെയും സഹായത്തോടെയുള്ള വിവരണങ്ങള്‍ മാത്രമല്ല, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം പങ്കെടുക്കാവുന്ന നിരവധി കളികളും സയന്‍സ് എക്‌സ്പ്രസിലും പുറത്ത് പ്ലാറ്റ്‌ഫോമിലുംവെച്ച് നടത്തുന്നുണ്ട്.

ടെക്സ്റ്റ് ബുക്കിലെ കഠിനമായ തിയറികള്‍ രസകരമായ രീതിയില്‍ കുട്ടികളെ പഠിപ്പിക്കുന്ന 'കിഡ്‌സ് സോണ്‍' സയന്‍സ് എക്‌സ്പ്രസിന്റെ പ്രത്യേകതയാണ്. ആറു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 'ജോയ് ഓഫ് സയന്‍സ്' പാഠശാലയുമുണ്ട്. ഇവിടെ കുട്ടികള്‍ക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ നടത്തി മനസ്സിലാക്കാം. വിവിധ സസ്യ, ജന്തുജാലങ്ങളുടെ മാതൃകകള്‍, വിത്തിനങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് പൂര്‍ണ്ണവിവരങ്ങള്‍ നല്‍കാന്‍ വിക്രം സാരാഭായി കമ്യൂണിറ്റി സയന്‍സ് സെന്ററില്‍നിന്നുള്ള 35 ഓളം വിദ്യാര്‍ഥികള്‍ സജീവമായുണ്ട്.2007 ഒക്‌ടോബറില്‍ പ്രയാണമാരംഭിച്ച സയന്‍സ് എക്‌സ്പ്രസ് ഇതുവരെ 96,000 കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞു. 2012 മുതലാണ് ജൈവവൈവിധ്യത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രദര്‍ശനമാരംഭിച്ചത്. ഇന്ത്യയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞ പ്രദര്‍ശനങ്ങളിലൊന്നായി ഇതു മാറിക്കഴിഞ്ഞു. ആഗസ്റ്റ് 12 മുതല്‍ 14 വരെ തിരുവനന്തപുരത്തുണ്ടായിരുന്ന സയന്‍സ് എക്‌സ്പ്രസ്  16 മുതല്‍ 19 വരെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലുണ്ടാകും.

ആഗസ്റ്റ് 24 മുതല്‍ 27 വരെ കോഴിക്കോടും 28 മുതല്‍ 31 വരെ കണ്ണൂരുമാണ് സയന്‍സ് എക്‌സ്പ്രസിന്റെ കേരളത്തിലെ പ്രദര്‍ശനകേന്ദ്രങ്ങള്‍. പ്രദര്‍ശന സമയം രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ. പ്രവേശനം സൗജന്യമാണ്. വിദ്യാര്‍ഥികളും മല്‍സരപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവരും പ്രകൃതി സ്‌നേഹികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പ്രദര്‍ശനമാണിത്. പുത്തനറിവുകള്‍ക്കൊപ്പം തിരിച്ചറിവിന്റെ ചില ഞെട്ടലുകളും പ്രദര്‍ശനം നിങ്ങള്‍ക്ക് സമ്മാനിക്കും.

                        -കടപ്പാട് -അബ്ദു മനാഫ്. കെ,വാര്‍ത്ത

No comments:

Post a Comment