
എന്താണ് ശുക്ര സംതരണം ?
ഭൂമിയ്ക്കും സൂര്യനുമിടയിലായി ചന്ദ്രന്‍ വരുമ്പോള്‍ അത് സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. നാമതിനെ സൂര്യഗ്രഹണമെന്നാണ് വിളിക്കുന്നത്. അതുപോലെ ഭൂമിയ്ക്കും സൂര്യനുമിടയില്‍ക്കൂടി ശുക്രന്‍ കടന്നുപോകുമ്പോള്‍ അത് സൂര്യബിംബത്തെ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ ശുക്രന്‍ ഭൂമിയില്‍ നിന്നും വളരെ അകലെയായതിനാല്‍ (ഏകദേശം അഞ്ചുകോടി കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ശുക്രനാവില്ല. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്തപൊട്ടുപോലെ ഗ്രഹം സഞ്ചരിക്കുന്നതായി ഭൂമിയിലുള്ള നിരീക്ഷകന് കാണപ്പെടും. ഇതാണ് ശുക്രസംതരണം. ചന്ദ്രന്‍ ഭൂമിയുടെ വളരെ അടുത്തായതുകൊണ്ടാണ് (ഏകദേശം നാലു ലക്ഷം കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കുന്നത്. ഏതാനും മണിക്കൂറുകളാണ് ശുക്രസംതരണം ദൃശ്യമാകുന്നത്. 2004ല്‍ നടന്ന ശുക്രസംതരണം ആറുമണിക്കൂര്‍ നീണ്ടുനിന്നു. 243 വര്‍ഷംകൊണ്ട് ആവര്‍ത്തിക്കുന്ന സവിശേഷ പാറ്റേണിലാണ് ശുക്രസംതരണം സംഭവിക്കുന്നത്. 121.5 വര്‍ഷത്തിനും 105.5 വര്‍ഷത്തിനും ഇടയില്‍ 8 വര്‍ഷത്തിലൊരിക്കല്‍ എന്ന വിചിത്രമായ പാറ്റേണാണിത്.
സൌരയൂഥത്തില്‍ ബുധന്‍ കഴിഞ്ഞാല്‍ സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ശുക്രന്‍. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ശുക്രനാണ്. ഭൂമിയുടെ ഇരട്ട സഹോദരി എന്നുവിളിക്കാവുന്ന ശുക്രന്റെ വ്യാസം ഏറെക്കുറെ ഭൂമിയുടേതിന് തുല്യമാണ്. ഏറ്റവുമധികം പര്യവേഷണങ്ങള്‍ നടന്നിട്ടുള്ള ഗ്രഹവും ശുക്രനാണ്. കട്ടികൂടിയ കാര്‍ബണ്‍ഡയോക്സൈഡ് മേഘങ്ങള്‍ നിറഞ്ഞതാണ് ശുക്രന്റെ അന്തരീക്ഷം. അമ്ളമഴയും കൊടുങ്കാറ്റുകളും ശക്തമായ ഇടിമിന്നലുകളും നിത്യസംഭവമായ ശുക്രന്റെ താപനില 450 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. സൌരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. കാര്‍ബണ്‍ഡയോക്സൈഡ് വാതകത്തിന്റെ ഹരിതഗൃഹ സ്വഭാവമാണ് ഗ്രഹത്തിന്റെ താപനില ഇത്രയും ഉയരാന്‍ കാരണമാകുന്നത്. ഈ ഗ്രഹം ജീവന് അനുയോജ്യമല്ല. ശുക്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണ പാതയില്‍ നിന്ന് 3 ഡിഗ്രി 4 മിനിട്ട് ചരിഞ്ഞാണിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മാത്രമേ ഭൂമിയുടെ ഭ്രമണപാത (Ecliptic) ശുക്രന്‍ മുറിച്ചു കടക്കുന്നുള്ളൂ. ഈ അവസരത്തില്‍ മാത്രമേ ഭൂമിയിലുള്ള നിരീക്ഷകന് ശുക്രന്‍ സൂര്യബിംബത്തിന്റെ മുന്നിലൂടെ കടന്നുപോകുന്നതായി കാണപ്പെടുകയുള്ളൂ.
പ്രഭാത നക്ഷത്രമെന്നും പ്രദോഷ നക്ഷത്രമെന്നുമെല്ലാം വിളിക്കുന്ന ശുക്രനെക്കുറിച്ച് പുരാതന ഇന്ത്യന്‍, ഗ്രീക്ക്, ഈജിപ്ഷ്യന്‍, ചൈനീസ്, ബാബിലോണിയന്‍, മായന്‍ സംസ്ക്കാരങ്ങളിലെല്ലാം സൂചനയുണ്ടായിരുന്നു. ഈ ഗ്രഹത്തിന്റെ സഞ്ചാരത്തെക്കുറിച്ചും ഏകദേശ ധാരണ അക്കാലത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. ആധുനിക കാലഘട്ടത്തില്‍ ആദ്യമായി ശുക്രന്റെ സഞ്ചാരപാത ശാസ്ത്രീയമായി അപഗ്രഥിച്ചത് യൊഹാന്‍ കെപ്ളറാണ്. എ.ഡി. 1631ല്‍ ശുക്രസംതരണം നടക്കുമെന്ന് നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് 1627ല്‍ അദ്ദേഹം പ്രവചിച്ചിരുന്നുവെങ്കിലും കണക്കുകൂട്ടലിലുണ്ടായ നേരിയ പിഴവു കാരണം അദ്ദേഹം പ്രവചിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്നും ശുക്രസംതരണം ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 1939 നവംബര്‍ 24ന് നടന്ന സംതരണം ഇംഗ്ളീഷ് ജ്യോതിശാസ്ത്രജ്ഞനായ ജെറെമിയ ഹൊറോക്സ് കൃത്യമായി പ്രവചിക്കുകയുണ്ടായി. അതുകൂടാതെ ശുക്രന്റെ സഞ്ചാരഗതി അപഗ്രഥിക്കുന്നതില്‍ കെപ്ളറിനുണ്ടായ നേരിയ പിഴവുകള്‍ തിരുത്തുന്നതിനും ഹൊറോക്സിന് സാധിച്ചു.
നിരീക്ഷണം എങ്ങനെ ?
ദൂരദര്‍ശിനിയുടെയോ ബൈനോക്കുലറിന്റെയോ സഹായത്തോടെ ലഭിക്കുന്ന സൂര്യബിംബത്തിന്റെ ഛായ ചുമരിലേക്കോ സ്ക്രീനിലേക്കോ പ്രക്ഷേപിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ആസ്ട്രോണമിക്കല്‍ ഫില്‍റ്റര്‍ (ക്രോമിയം ഫില്‍റ്റര്‍) ഘടിപ്പിച്ച കണ്ണടകളിലൂടെയും സൂര്യബിംബത്തെ നിരീക്ഷിക്കാന്‍ കഴിയും. വെല്‍ഡര്‍ ഉപയോഗിക്കുന്നതരം ഗ്രേഡ് -14 ഗ്ളാസ്സുകളുപയോഗിച്ചും സംതരണം നിരീക്ഷിക്കാം. നഗ്ന നേത്രങ്ങള്‍ കൊണ്ടോ, എക്സ്-റേ ഫിലിമുകളുപയോഗിച്ചോ സൂര്യനെ നോക്കരുത്. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഫ്രാ-റെഡ് വികിരണങ്ങള്‍ക്ക് എക്സ്-റേ ഫിലിമുകള്‍ തടസ്സമാകില്ല. ഇത് റെറ്റിനയില്‍ പൊള്ളലേല്‍പ്പിക്കുന്നതിനും ഭാഗികമായോ പൂര്‍ണമായോ അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനോ മറ്റു ജോലികള്‍ ചെയ്യുന്നതിനോ ഒരു തടസ്സവുമില്ല.
സംതരണവും ശാസ്ത്രലോകവും
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പാരലാക്സ് രീതിയിലൂടെ കൃത്യമായി നിര്‍ണയിക്കുന്നതിന് സംതരണസമയത്ത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിയും. അതുകൂടാതെ സൌരയൂഥത്തിന്റെ വലിപ്പം കൃത്യമായി നിര്‍ണയിക്കുന്നതിനും ഗ്രഹസംതരണം ഉപയോഗപ്പെടുത്തുന്നുണ്ട്. സൌരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതും ഗ്രഹസംതരണവിദ്യയിലൂടെ തന്നെയാണ്. ജൂണ്‍ 6ന് നടക്കുന്ന ശുക്രസംതരണം നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പസഫിക് സമുദ്രമാണ്. അതൂകൂടാതെ ഏഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, ഹവായ് ദ്വീപുകള്‍, ഓസ്ട്രേലിയ, അലാസ്ക്ക എന്നിവിടങ്ങളിലും ശുക്രസംതരണം ദൃശ്യമാകും
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പാരലാക്സ് രീതിയിലൂടെ കൃത്യമായി നിര്‍ണയിക്കുന്നതിന് സംതരണസമയത്ത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിയും. അതുകൂടാതെ സൌരയൂഥത്തിന്റെ വലിപ്പം കൃത്യമായി നിര്‍ണയിക്കുന്നതിനും ഗ്രഹസംതരണം ഉപയോഗപ്പെടുത്തുന്നുണ്ട്. സൌരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതും ഗ്രഹസംതരണവിദ്യയിലൂടെ തന്നെയാണ്. ജൂണ്‍ 6ന് നടക്കുന്ന ശുക്രസംതരണം നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പസഫിക് സമുദ്രമാണ്. അതൂകൂടാതെ ഏഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, ഹവായ് ദ്വീപുകള്‍, ഓസ്ട്രേലിയ, അലാസ്ക്ക എന്നിവിടങ്ങളിലും ശുക്രസംതരണം ദൃശ്യമാകും
No comments:
Post a Comment